രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ദിര്‍ഹം ഉള്‍പ്പെടെ ജിസിസി കറന്‍സികള്‍ക്ക് വിനിമയ വിപണിയില്‍ കുതിപ്പ്
ദുബയ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടതോടെ യുഎഇ ദിര്‍ഹം ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് വിനിമയ വിപണിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയ്‌ക്കെതിരേ ഒരു ദിര്‍ഹത്തിന് 24.35നു മുകളിലാണ് നിരക്ക് നിലനില്‍ക്കുന്നത്. വ്യാഴാഴ്ച 24.50ലേക്കും വെള്ളിയാഴ്ച 24.58ലേക്കും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. അടുത്തകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന നിലയാണിത്.
ഡോളറിനെതിരേ വെള്ളിയാഴ്ച വന്‍ നഷ്ടത്തോടെയാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഡോളറിന് 90.56 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാത്തത് രൂപയ്ക്ക് കടുത്ത സമ്മര്‍ദം സൃഷ്ടിക്കുന്നതായി വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നു. കരാര്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓഹരി വിപണി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്ന് വിദേശ മൂലധനം വലിയ തോതില്‍ പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ തളര്‍ച്ചയ്ക്ക് കാരണമാകുന്നു.
രൂപയ്‌ക്കെതിരായ ദിര്‍ഹത്തിന്റെ ശക്തമായ ഉയര്‍ച്ച പ്രവാസികള്‍ക്ക് ആശ്വാസമായി. ദിര്‍ഹത്തിനൊപ്പം കുവൈത്ത് ദിനാര്‍, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ബഹ്‌റയ്ന്‍ ദിനാര്‍, ഒമാനി റിയാല്‍ തുടങ്ങിയ മറ്റു ജിസിസി കറന്‍സികളുടെയും വിനിമയ നിരക്കുകളില്‍ വെള്ളിയാഴ്ച സമാനമായ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.