കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന കിംവദന്തി; നാടോടികള്‍ക്ക് ക്രൂരമര്‍ദ്ദനം
ധാര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന കിംവദന്തികളെ തുടര്‍ന്ന് നാടോടികളെ മര്‍ദ്ദിച്ച് ഗ്രാമീണര്‍. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദ്നാവര്‍ പോലിസ് സ്റ്റേഷന്‍ പ്രദേശത്താണ് സംഭവം. അലഞ്ഞുതിരിയുന്ന അഞ്ച് പേരെ പിടികൂടി ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
രാജസ്ഥാനിലെ ഭില്‍വാര, രാജ്‌സമന്ദ് ജില്ലകളില്‍ നിന്നുള്ള ഈ നാടോടികളായ ആളുകള്‍ ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. ഇതില്‍ ചില ആളുകള്‍ ചില പെണ്‍കുട്ടികളെ സമീപിച്ച് അനുഗ്രഹങ്ങള്‍ നല്‍കാന്‍ തുടങ്ങി. ഇതോടെ കുട്ടികള്‍ തങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ വരുന്നതാണെന്നും കരുതി ഉച്ചത്തില്‍ കരയുകയായിരുന്നു. ഇത് കേട്ട് ഓടിയെത്തിയ ഗ്രാമീണര്‍ നാടോടികളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ ബദ്നാവര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അമിത് സിംഗ് കുഷ്വാഹയും സംഘവും ഉടന്‍ സ്ഥലത്തെത്തി. അഞ്ച് പേരെയും ജനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പോലീസ് അവരുടെ രേഖകള്‍ പരിശോധിക്കുകയും അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സംശയാസ്പദമായ വസ്തുക്കളൊന്നും അവരില്‍ നിന്ന് കണ്ടെത്തിയില്ല. തട്ടിക്കൊണ്ടുപോകല്‍ പരാതി പൂര്‍ണ്ണമായും വ്യാജമാണെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അമിത് സിംഗ് കുശ്വാഹ വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ നിയമം കൈയിലെടുക്കുന്നതിനുപകരം, 112 എന്ന നമ്പറില്‍ വിളിക്കുകയോ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ അറിയിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
