അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില കുതിച്ചുയരുന്നു

Update: 2026-04-11 07:14 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില കുതിച്ചുയരുന്നു. വില നിലവാരം 250 കടന്നു. 2024 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ആഗോള വിപണിയില്‍ വില ഇത്രയധികം ഉയരുന്നത്. ബാങ്കോക്കിലെ റബ്ബര്‍ വില ഒരു ഘട്ടത്തില്‍ 264 രൂപ വരെ എത്തിയെങ്കിലും നിലവില്‍ 257 രൂപയിലാണ് വ്യാപാരം തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ വാഹന വിപണിയിലുണ്ടായ ഉണര്‍വ് മുതലെടുക്കാന്‍ യൂറോപ്യന്‍-ചൈനീസ് ടയര്‍ കമ്പനികള്‍ വന്‍തോതില്‍ ചരക്ക് വാങ്ങിക്കൂട്ടിയതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്.

എന്നാല്‍ ആഗോള വിപണിയിലെ ഈ മുന്നേറ്റം കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നില്ല എന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ടയര്‍ കമ്പനികള്‍ നേരത്തെ തന്നെ കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്ന് റബ്ബര്‍ ഇറക്കുമതി ചെയ്ത് സംഭരിച്ചതാണ് ഇവിടുത്തെ വിലക്കയറ്റത്തിന് തടസ്സമാകുന്നത്.

2021-ന് ശേഷം ആസിയാന്‍ രാജ്യങ്ങളില്‍ ചൈനീസ് കമ്പനികള്‍ ആരംഭിച്ച റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നത് അന്താരാഷ്ട്ര തലത്തില്‍ ഉത്പാദകര്‍ക്ക് മികച്ച വരുമാനം നല്‍കുന്നുണ്ടെങ്കിലും ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമായി തുടരുകയാണ്.

Tags: