ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ; ബിജെപി നേതാക്കള്‍ക്കെതിരേ കേസില്ല

Update: 2025-11-27 03:47 GMT

തിരുവനന്തപുരം: സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയില്‍ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പോലിസ്. ആനന്ദ് സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും എതിര്‍ത്തിരുന്നതായി അച്ഛന്‍ ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ മൊഴി നല്‍കി. ഇതോടെ സ്ഥാനാര്‍ഥിയാകാന്‍ ആരും പിന്തുണയ്ക്കാത്ത മാനസിക വിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലിസ് നിഗമനം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ നിലവിലെ ബിജെപി സ്ഥാനാര്‍ഥിയായ എം വി വിനോദ് കുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ആനന്ദിനെ സ്ഥാനാര്‍ഥിയാക്കാന്‍ ആരും നിര്‍ദേശിച്ചില്ലെന്ന് വിനോദ് കുമാര്‍ മൊഴി നല്‍കി. സ്ഥാനാര്‍ഥിയാകണമെന്ന ആഗ്രഹം ആനന്ദ് പറഞ്ഞിട്ടില്ലെന്നും വിനോദിന്റെ മൊഴിയില്‍ പറയുന്നു. പ്രാദേശിക ബിജെപി നേതാക്കളും ഇതേ മൊഴിയാണ് നല്‍കിയത്.

ആനന്ദിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധയ്ക്ക് വിധേയമാക്കും. ഇതില്‍ നിന്ന് തെളിവുകള്‍ ലഭിച്ചെങ്കില്‍ മാത്രമായിരിക്കും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുക. അല്ലെങ്കില്‍ അസ്വാഭാവിക മരണമെന്ന നിലവിലെ വകുപ്പില്‍ തന്നെ അന്വേഷണം അവസാനിപ്പിക്കാനാണ് പോലിസിന്റെ നീക്കം. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ ആരുടെയെങ്കിലും ഭാഗത്തുണ്ടായതായിട്ട് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലിസ് പറയുന്നു.

മണ്ണ് മാഫിയക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയെന്ന് ആരോപിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ അടക്കം ആത്മഹത്യാക്കുറിപ്പിലുണ്ട്. ആനന്ദിനെ ഒരുതരത്തിലും പരിഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.