ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ ബോംബ് സ്‌ഫോടനം: പ്രതികളെ രക്ഷപെടുത്താന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നു- എന്‍ കെ റഷീദ് ഉമരി

Update: 2025-08-29 12:06 GMT

തിരുവനന്തപുരം: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്‌കൂളിലെ ബോംബ് സ്‌ഫോടനത്തില്‍ പ്രതികളെ രക്ഷപെടുത്താന്‍ ആഭ്യന്തര വകുപ്പ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. ഉഗ്ര ബോംബ് സ്‌ഫോടനം നടക്കുകയും ഒരു വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ഒത്തുകളി തുറന്നുകാട്ടുന്നു. ആര്‍.എസ്.എസ്സുകാരുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സര്‍ക്കാരും പോലീസും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇടതു സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ സിപിഎം നടത്തുന്ന സമരാഭാസം അപഹാസ്യമാണ്. ആര്‍എസ്എസ്സിന്റെ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യാനോ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനോ ഉള്ള നട്ടെല്ല് സിപിഎം നിയന്ത്രിത സര്‍ക്കാരിനില്ല.

ആര്‍ജ്ജവമുണ്ടെങ്കില്‍ പോലീസിനെ കൊണ്ട് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ റെയ്ഡ് നടത്തി ഗൂഢാലോചനയും ആയുധശേഖരവും പുറത്തുകൊണ്ടുവരികയാണ് ചെയ്യേണ്ടത്. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വലിയ കലാപങ്ങള്‍ക്കും സാമൂഹിക ധ്രുവീകരണത്തിനും സംഘപരിവാരം ശ്രമം നടത്തുമ്പോള്‍ അത് തിരിച്ചറിഞ്ഞ് നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരെയോ ഭയപ്പെടുകയാണ്. മറ്റു വിഭാഗങ്ങള്‍ക്കെതിരേ ആരോപണത്തിന്റെ കുന്തമുന നീളുമ്പോഴേയ്ക്കും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സംഘപരിവാരത്തിനു മുമ്പില്‍ മുട്ടിലിഴയുകയാണ്. ഇടതന്മാരുടെ ഫാഷിസ്റ്റ് വിരുദ്ധത മറ്റുള്ളവരെ കബളിപ്പിച്ച് വോട്ട് തട്ടാനുള്ള ജാലവിദ്യ മാത്രമാണ്. സദാചാര കുറ്റാരോപണം നേരിടുന്ന എംഎല്‍എയ്‌ക്കെതിരേ വാദികളെ അന്വേഷിച്ചു നടക്കുന്ന സര്‍ക്കാരും പോലീസും അതിലൂടെ ആര്‍എസ്എസ്സിന്റെ ബോംബ് ഭീകരതയ്‌ക്കെതിരായ ചര്‍ച്ചയെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് ഭീകരതയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ഒത്തുതീര്‍പ്പ് നയങ്ങള്‍ കേരളത്തെ കലാപകലുഷിതമാക്കുമെന്ന ആശങ്കയുണ്ടെന്നും എന്‍ കെ റഷീദ് ഉമരി കൂട്ടിച്ചേര്‍ത്തു.