ചെറുവണ്ണൂരില്‍ ദറസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം
പരിക്കേറ്റ നാല് വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂരില്‍ ചുവരെഴുതാനെത്തിയ ദറസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസുകാരുടെ ആക്രമണം. ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചെമ്പ് വള കൊണ്ട് ഇടിയേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇന്നലെ തന്നെ ദറസിലെ അധ്യാപകന്‍ മേപ്പയൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മേപ്പയൂര്‍ പോലിസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.
വീട്ടുകാരുടെ അനുമതിയോടെ ചുമരെഴുതാന്‍ പോയ തങ്ങളെ പ്രദേശവാസികളായ സന്തോഷ് ചേകാത്ത, സുരേഷ് പഴയമഠത്തില്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ സംഘം തങ്ങളെ അടിക്കുകയും ചവിട്ടുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. കൈയ്യിലുണ്ടായിരുന്ന ചെമ്പുവള ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതായും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.
സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരേ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ പേലിസ് തയ്യാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായ പരിക്കുകളോടെ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ചെറുവണ്ണൂരില്‍ എസ്ഡിപിഐ പ്രതിഷേധ പ്രകടനവും പോതുയോഗവും നടത്തി.
