വീണ്ടും ആര്‍എസ്എസ് ചിത്ര വിവാദം: സെനറ്റ് ഹാളില്‍ പ്രതിഷേധം; വകവയ്ക്കാതെ ഗവര്‍ണര്‍
തിരുവനന്തപുരം: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം വച്ചതിനെതിരെ പ്രതിഷേധത്തില്‍ സംഘര്‍ഷം. എസ്എഫ്ഐയുടെയും ഡിവൈഎഫ്‌ഐയുടെയും കെഎസ്യുവിന്റെയും വന്‍ പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പരിപാടിക്കെത്തി. സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ആര്‍എസ്എസ് ചിത്രം വച്ചതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചിത്രം നീക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ പ്രതിഷേധം കനത്തു. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് പോലിസിനെ വിന്യസിച്ചു. ചിത്രംവച്ച് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതരും നിലപാടെടുത്തു. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങള്‍ അറിയിച്ചിരുന്നുവെന്നും മതചിഹ്നങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സര്‍വകലാശാല റജിസ്ട്രാര്‍ പറഞ്ഞു. ഒടുവില്‍ പരിപാടി റദ്ദാക്കിയതായി സംഘാടകള്‍ അറിയിച്ചെങ്കിലും പിന്നാലെ ഗവര്‍ണര്‍ എത്തുമെന്ന് അറിയിപ്പു വന്നു. ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.
സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ഷമുണ്ടായി. കെഎസ്യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. പിന്നീട് ഇവരെ പുറത്താക്കി പരിപാടി ആരംഭിച്ചു. പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. പരിപാടിക്ക് ശേഷം ഗവര്‍ണര്‍ പുറത്തിറങ്ങുമ്പോള്‍ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഗവര്‍ണറുടെ വഴി തടയില്ല. പ്രതിഷേധം മാത്രമാണ്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഒന്നാംതരം ആര്‍എസ്എസുകാരന്‍ ആണ്. പ്രതിഷേധിക്കുന്നു എന്ന് അറിഞ്ഞിട്ടും ഗവര്‍ണര്‍ എത്തിയത് വെല്ലുവിളിക്കാനാണെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തി. 'മിസ്റ്റര്‍ ഗവര്‍ണര്‍- ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയില്‍ മതി- ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്' എന്ന ബാനറാണ് യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
