സ്‌കൂളിന് എന്‍ഒസി കൊടുക്കുന്നത് സര്‍ക്കാര്‍; ആര്‍എസ്എസ് ഗണഗീതത്തില്‍ പ്രിന്‍സിപ്പലിനെതിരേയും അന്വേഷണം

Update: 2025-11-09 14:36 GMT

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങള്‍ നടത്താന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിന്‍സിപ്പലിന് എങ്ങനെ കിട്ടിയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. സ്‌കൂളുകള്‍ ഏതാണെങ്കിലും എന്‍ഒസി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

'ഇന്ത്യന്‍ റെയില്‍വേ അധികാരികളും അവരെ നിയന്ത്രിക്കുന്നവരും സാമാന്യ മര്യാദപോലും കാണിക്കാതെ ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. ഞങ്ങള്‍ എന്തും ചെയ്യുമെന്നതിന്റെ തെളിവാണ്. ഏതു മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണെങ്കിലും മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങള്‍ക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ല. ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഒസി നല്‍കുന്നത്. അതു ലംഘിച്ചാല്‍ എന്‍ഒസി പിന്‍വലിക്കാനുള്ള അധികാരം കേരള-ദേശീയ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്. ഗണഗീതം ദേശഭക്തി ഗാനമാണെന്ന അറിവ് എവിടെനിന്നു കിട്ടി എന്നറിയില്ല. അതടക്കം മനസ്സിലാക്കാന്‍ വേണ്ടിയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും പറയുന്നതനുസരിച്ചാണോ ദേശഭക്തി ഗാനം. ഇത് വിലയിരുത്തി പറയാന്‍ പ്രിന്‍സിപ്പലിന് എന്തധികാരമാണുള്ളത്'വി ശിവന്‍കുട്ടി ചോദിച്ചു.

സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ നടപടിയുണ്ടാവുകയെന്നാണ് വിവരം. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശത്തിലടക്കം അന്വേഷണം ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി തിങ്കളാഴ്ച മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കും.

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അപലപനീയമാണെന്നും സ്‌കൂളിനെതിരേ നടപടിയുണ്ടാകുമെന്ന് പറഞ്ഞാല്‍ ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.