ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; ബിജെപി നേതാക്കളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും. ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. ആനന്ദ് കെ തമ്പിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് പോലിസ് രേഖപ്പെടുത്തും. തെളിവ് ലഭിച്ചാല്‍ ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്‍ക്കും.
തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാന്‍ ബിജെപി ഒരുങ്ങവെയാണ് സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കവുമായി ബന്ധപ്പെട്ട് ആനന്ദിന്റെ ആത്മഹത്യ. ആനന്ദ് പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലന്ന് ബിജെപി നേതാക്കള്‍ പറഞ്ഞൊഴിയാന്‍ ശ്രമിക്കുന്നതിനിടെ, നെടുമങ്ങാട് ആഖജ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശാലിനി ആര്‍എസ്എസ് നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ നേതൃത്വം കടുത്ത പ്രതിരോധത്തിലാവുകയായിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന ആനന്ദിന്റെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമുണ്ട്. നിലവിലെ വാര്‍ഡ് സ്ഥാനാര്‍ഥി മണ്ണുമാഫിയക്കാരനാണെന്നും ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് താന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നാണ് ആനന്ദ് കുറിച്ചത്.
