സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം;വന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്

വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി സോഷ്യല്‍ മീഡിയ സെന്റര്‍ ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു

Update: 2022-03-19 04:14 GMT

ചെന്നൈ:സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ആറുമുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ പണമെത്തുക.ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാണ് ഈ കാര്യം അറിയിച്ചത്.

ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. ആറുലക്ഷം വിദ്യാര്‍ഥിനികള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 698 കോടി രൂപ വകയിരുത്തി.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഐഐടി, ഐഐഎസ്‌സി, എയിംസ് എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയാല്‍ അവരുടെ ബിരുദ പഠനത്തിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.അന്താരാഷ്ട്ര തലത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നോളജ് സിറ്റി ആരംഭിക്കും.

കോയമ്പത്തൂര്‍, മധുര, വെല്ലൂര്‍, പെരമ്പല്ലൂര്‍, തിരുവള്ളൂര്‍ ജില്ലകളില്‍ പുതിയ വ്യവസായപാര്‍ക്കുകള്‍ ആരംഭിക്കും. കാലാവസ്ഥാവ്യതിയാനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് ഹരിത കാലാവസ്ഥാവ്യതിയാന നിധി രൂപവത്കരിക്കും,വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി സോഷ്യല്‍ മീഡിയ സെന്റര്‍ ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.




Tags: