സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പോലിസിന്റെ സ്പെഷ്യല്‍ ഡ്രൈവായ 'ഹെല്‍മറ്റ് ഓണ്‍-സേഫ് റൈഡ്' ലൂടെയാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്. 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയില്‍ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്.
സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാര്‍ച്ച് 18 മുതല്‍ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോളിങ് വിഭാഗം പരിശോധന തുടരും. ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാവും അധികൃതര്‍ സ്വീകരിക്കുക.
ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലിസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം 2026 മാര്‍ച്ച് 18 മുതല്‍ 24 വരെ സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.
ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് സോണല്‍ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധിച്ചാല്‍ 974700 1099 എന്ന 'ശുഭയാത്ര' വാട്‌സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തെ അറിയിക്കേണ്ടതാണ്.
