റെയില്‍വേ ട്രാക്കിലേക്കുള്ള അനധികൃത പ്രവേശനം തടയാനൊരുങ്ങി ആര്‍പിഎഫ്

Update: 2026-01-11 07:24 GMT

തിരുവനന്തപുരം: റെയില്‍വേ ട്രാക്കുകളിലേക്കും സ്റ്റേഷന്‍ പരിസരങ്ങളിലേക്കും വാഹനങ്ങള്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയുന്നതിനായി റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നു. 2025 ഡിസംബര്‍ 23നു വര്‍ക്കല അകത്തുമുറി സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് തീരുമാനം. അപകട സാധ്യത കൂടുതലുള്ള സ്റ്റേഷനുകളിലും ട്രാക്ക് പരിസരങ്ങളിലുമുള്ള പ്രവേശന മാര്‍ഗങ്ങളില്‍ ഭൗതിക തടസ്സങ്ങള്‍ സ്ഥാപിക്കാനാണ് ആര്‍പിഎഫിന്റെ ആലോചന.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി പിന്നീട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. അപ്പോഴാണ് കാസര്‍കോട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചത്. അപകടത്തിന് പിന്നാലെ മദ്യപിച്ച നിലയിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.

Tags: