സംശയാസ്പദമായ ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കുക; മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലിസ്
മസ്‌കത്ത്: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്കു സമീപമോ ആകാശപരിധിയിലോ സംശയാസ്പദമായി ഡ്രോണുകളോ മറ്റു പറക്കുന്ന വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ താമസിയാതെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പോലിസ്. ദേശീയ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം പുറത്തിറക്കിയത്.
ഇത്തരത്തിലുള്ള വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ 77720078 എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്ക് റിപോര്‍ട്ട് ചെയ്യണമെന്ന് പോലിസ് അറിയിച്ചു. സന്ദേശത്തിനൊപ്പം ഡ്രോണ്‍ കണ്ട കൃത്യമായ സ്ഥലം, സമയം എന്നിവയും സാധ്യമായാല്‍ ചിത്രങ്ങളും ഉള്‍പ്പെടുത്തണം.
അതേസമയം, ഇത്തരം ദൃശ്യങ്ങളോ വിവരങ്ങളോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റു സന്ദേശവിനിമയ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ കര്‍ശനമായി നിര്‍ദേശിച്ചു. ഇത് സുരക്ഷാ ഏജന്‍സികളുടെ അന്വേഷണങ്ങളെയും തുടര്‍നടപടികളെയും പ്രതികൂലമായി ബാധിക്കാമെന്ന് മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നടപടികളോട് സ്വദേശികളും വിദേശികളും ഒരുപോലെ സഹകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.