ലഹരിക്കെതിരായ യുദ്ധമെന്ന പേരില്‍ 30,000 പേരെ കൊന്നു; ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡുവാര്‍ട്ടെ അറസ്റ്റില്‍
മനീല: ലഹരിക്കെതിരായ യുദ്ധമെന്ന പേരില്‍ 30,000ല്‍ അധികം പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിന് ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡുവാര്‍ട്ടെയെ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഹോങ്കോങില്‍ നിന്നും മനീല വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അറിയിച്ചു.
2011ല്‍ ദവാവോ നഗരത്തിന്റെ ഗവര്‍ണര്‍ ആയിരുന്നപ്പോഴും 2016-22 കാലത്ത് പ്രസിഡന്റായിരുന്നപ്പോഴുമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നിരിക്കുന്നത്. ലഹരി വില്‍ക്കുന്നവരെന്നും ഉപയോഗിക്കുന്നവരെന്നും ആരോപിച്ചായിരുന്നു കൊലപാതകങ്ങള്‍. കുറ്റകൃത്യം ആരോപിക്കപ്പെട്ടവര്‍ക്ക് വിചാരണ പോലും ലഭിച്ചില്ല.
റോഡ്രിഗോയുടെ അറസ്്‌റ്റോടെ നീതിനടപ്പാവുമെന്ന പ്രതീക്ഷ വന്നതായി റാണ്ടി ഡെലോസ് സാന്റോസ് എന്നയാള്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ഇയാളുടെ സഹോദരിയുടെ മകനായ കൗമാരക്കാരനെ 2017 ആഗസ്റ്റില്‍ പോലിസ് വെടിവെച്ചു കൊന്നിരുന്നു. ഈ കേസില്‍ മൂന്നു പോലിസുകാരെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് പ്രേരണ നല്‍കിയ റോഡ്രിഗോ പുറത്തുതന്നെ തുടര്‍ന്നു.