ഇസാഫ് ബാങ്കില്‍ മോഷണം; എട്ടു മിനുട്ടില്‍ കവര്‍ന്നത് 15 കിലോഗ്രാം സ്വര്‍ണം

Update: 2025-08-12 06:16 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലെ സിഹോര പ്രദേശത്തെ ഇസാഫ് ബാങ്കില്‍ മോഷണം. മൂന്നംഗ സായുധസംഘം 15 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. രാവിലെ ഒമ്പതുമണിക്ക് ബാങ്ക് തുറക്കാന്‍ ജീവനക്കാര്‍ എത്തിയ ഉടനെയായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച മൂന്നംഗ സംഘമാണ് ബൈക്കിലെത്തിയത്. തുടര്‍ന്ന് അവര്‍ ഓരോരുത്തരായി ബാങ്കില്‍ കടന്നു. തുടര്‍ന്ന് നാടന്‍ തോക്ക് കാണിച്ചു. ആറു ജീവനക്കാരാണ് ആ സമയത്ത് ബാങ്കിലുണ്ടായിരുന്നത്. തോക്കുകാട്ടിയ സംഘം ആരെങ്കിലും ബഹളമുണ്ടാക്കിയാലോ പോലിസിനെ വിളിച്ചാലോ വെടിവയ്ക്കുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് മാനേജരെ കൊണ്ട് ഗോള്‍ഡ് സ്‌റ്റോറേജ് തുറപ്പിച്ചാണ് മോഷണം നടത്തിയത്. ഇതെല്ലാം എട്ടു മിനുട്ടിനുള്ളിലാണ് നടന്നത്. പ്രതികളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.