കൈക്കൂലി കേസ്: മുന്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും അഞ്ചു വര്‍ഷം കഠിനതടവ്
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മുന്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും തലശ്ശേരി വിജിലന്‍സ് കോടതി അഞ്ചു വര്‍ഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂരിലെ പള്ളിക്കുന്ന് സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കണ്ണൂര്‍ II വില്ലേജ് ഓഫീസറായും നിലവില്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാറുമായ കെ വി ഷാജുവിനും, കണ്ണൂര്‍ II വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് സി വി പ്രദീപിനുമാണ് വിജിലന്‍സ് കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷ വിധിച്ചത്. ശിക്ഷകള്‍ ഒരേസമയം അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.
കോടതി വിധി പ്രകാരം കുടുംബ സ്വത്തിന്റെ ഒരു ഭാഗം പരാതിക്കാരന് ലഭിച്ചതിനെ തുടര്‍ന്ന് നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് കേസില്‍ വ്യക്തമാക്കുന്നു. നികുതി സ്വീകരിക്കുന്നതിനായി അന്നത്തെ വില്ലേജ് ഓഫീസറായ ഷാജു 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, ഭൂമി അളക്കല്‍ നടപടികളുടെ ഭാഗമായി ആദ്യ ഗഡുവായി 9,000 രൂപ വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാക്കി 1,000 രൂപ കൂടി നല്‍കണമെന്ന് ഷാജു പരാതിക്കാരനില്‍ നിന്ന് ആവശ്യപ്പെട്ടതോടെ ബാക്കി തുക കൈമാറുന്നതിനിടെയാണ് പ്രതികളെ കയ്യോടെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തില്‍, അന്നത്തെ വില്ലേജ് അസിസ്റ്റന്റായിരുന്ന സി വി പ്രദീപിനും കൈക്കൂലി ഇടപാടില്‍ പങ്കുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍, കോടതി ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.
