ജാമ്യം ലഭിച്ചപ്പോള്‍ ആഹ്ലാദിച്ചെന്ന്; സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെതിരേ പുതിയ കേസ് (VIDEO)

Update: 2025-08-07 15:49 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിക്കെതിരേ പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മസ്ജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 23ന് പോലിസ് ജയിലില്‍ അടച്ച സഫര്‍ അലിക്ക് ജൂലൈ അവസാനമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ആഗസ്റ്റ് ഒന്നിനാണ് അദ്ദേഹം ജയില്‍ മോചിതനായത്. തുടര്‍ന്ന് മൊറാദാബാദ് ജയിലില്‍ നിന്നും റോഡ് ഷോ ആയാണ് അദ്ദേഹത്തെ നാട്ടുകാര്‍ കൊണ്ടുപോയത്. ഏകദേശം 40 കിലോമീറ്ററാണ് റോഡ് ഷോ നടന്നത്. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും ലഭിച്ചു. 

ഈ സംഭവത്തിലാണ് പോലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രദേശത്ത് നിരോധനാജ്ഞയുണ്ടെന്നും ഇത്തരം പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നുമാണ് പോലിസ് പറയുന്നത്. സഫര്‍ അലിക്ക് പുറമെ മറ്റ് 60 പേരെയും പുതിയ കേസില്‍ പ്രതിചേര്‍ത്തു.

അതേസമയം, സംഭല്‍ വിവാദകേന്ദ്രമല്ലെന്നും ഹിന്ദു കേന്ദ്രമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.