പശ്ചിമ ബംഗാളിന്റെ 22-ാമത് ഗവര്‍ണറായി ആര്‍ എന്‍ രവി സത്യപ്രതിജ്ഞ ചെയ്തു

Update: 2026-03-12 08:29 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ 22-ാമത് ഗവര്‍ണറായി ആര്‍ എന്‍ രവി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുജോയ് പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി, മുതിര്‍ന്ന മന്ത്രിയും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കീം, ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

മാര്‍ച്ച് 5 ന് മുന്‍ഗാമിയായ സിവി ആനന്ദ ബോസ് രാജിവച്ചതിനെത്തുടര്‍ന്നാണ് ആര്‍ എന്‍ രവി പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. പശ്ചിമ ബംഗാളില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് രവി നാഗാലാന്‍ഡ്, മേഘാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവസാന നിമിഷമാണ് മമത പോലും തീരുമാനം ഗവര്‍ണറായി ആര്‍ എന്‍ രവി വരുന്ന കാര്യമറിയുന്നത് എന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. അതിലുള്ള അതൃപ്തി അവര്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സി വി ആനന്ദബോസിനെപ്പോലെയല്ല ആര്‍ എന്‍ രവി. തമിഴ്നാട്ടില്‍ ഗവര്‍ണറായ കാലം, സ്റ്റാലിന്‍ സര്‍ക്കാരുമായി പലതവണ കൊമ്പുകോര്‍ത്തുകൊണ്ടായിരുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത അദ്ദേഹത്തിന്റെ തീരുമാനം സുപ്രിംകോടതി സുപ്രധാന വിധിയിലൂടെ റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.

Tags: