നിമിഷ പ്രിയ കേസ്: യെമനി പൗരന്റെ കുടുംബത്തിന്റെ വക്താവുമായി അഭിമുഖം നടത്തിയ യുവാവിനെതിരേ പരാതി

Update: 2025-07-17 13:12 GMT

കോഴിക്കോട്: മലയാളി നഴ്‌സ് നിമിഷ പ്രിയ കൊലപ്പെടുത്തിയ യെമനി പൗരന്റെ കുടുംബത്തിന്റെ വക്താവുമായി ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ യുവാവിനെതിരേ പോലിസില്‍ പരാതി. മുബാറക്ക് റാവുത്തര്‍ എന്ന യുവാവിനെതിരെയാണ് ആര്‍ജെഡി ദേശീയ കൗണ്‍സില്‍ അംഗം സലീം മടവൂര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. യെമനി പൗരന്റെ നാട്ടുകാരെ ഇളക്കിവിടാന്‍ മുബാറക്ക് റാവുത്തര്‍ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. യെമനി പൗരന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പ്രകോപനപരമായ കമന്റുകള്‍ ഇടുന്നവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. എന്തെങ്കിലും വിഷയത്തില്‍ അഭിമുഖം നടത്തുന്നത് ക്രിമിനല്‍ കുറ്റമായി മാറുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ നിയമജ്ഞര്‍ക്ക് ആശയക്കുഴപ്പമുണ്ട്.