ഓട് പൊട്ടിച്ച് ഇറങ്ങിയ ആളൊന്നുമല്ല റിയാസ്, രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം എന്താണെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം എന്താണെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്‍ എച്ച് 66 ഉദ്ഘാടന വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവന തരാം തരംതാണതാണെന്നും പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് മന്ത്രി റിയാസിന്റെ രാഷ്ട്രീയ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ഓട് പൊട്ടിച്ച് ഇറങ്ങിയ ആളൊന്നുമല്ലല്ലോ റിയാസ് എന്നും മന്ത്രി ചോദിച്ചു.
മുഹമ്മദ് റിയാസ് എട്ടാം ക്ലാസില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയതാണ്. പോരാട്ടങ്ങളിലൂടെ കെട്ടിപ്പടുത്തതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. വിവാഹത്തിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം രാഷ്ട്രീയത്തിലുണ്ട്.
ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണ് എന്നും മന്ത്രി വിമര്‍ശിച്ചു.പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതാണ് ജനാധിപത്യ മര്യാദ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.വികസന കാര്യത്തില്‍ രാഷ്ട്രീയം കളിക്കാതെ വസ്തുത സംസാരിക്കാന്‍ ബി ജെ പി തയ്യാറാകണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
രാജീവ് ചന്ദ്രശേഖരന്‍ സ്റ്റേജില്‍ കയറിയത് ഏത് ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാജീവ് ചന്ദ്രശേഖരന് കൊമ്പുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. വലിഞ്ഞുകയറി സ്റ്റേജില്‍ ഇരുന്ന ശേഷം യോഗ്യതയുള്ളവരെ പുറത്താക്കുകയാണ് ചെയ്തത്.
