റിയാദ് എയര്‍ സര്‍വീസ് വിപുലീകരിക്കുന്നു; മൂന്നു പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി പ്രഖ്യാപിച്ചു

Update: 2026-04-21 11:15 GMT

റിയാദ്: റിയാദ് എയര്‍ തങ്ങളുടെ അന്താരാഷ്ട്ര സര്‍വീസ് ശൃംഖല വിപുലീകരണത്തിന്റെ ഭാഗമായി മൂന്നു പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂടി പ്രഖ്യാപിച്ചു. ജിദ്ദ, മാഡ്രിഡ്, മാഞ്ചസ്റ്റര്‍ എന്നിവയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങള്‍. ഇതിന് മുന്‍പ് പ്രഖ്യാപിച്ച ലണ്ടന്‍, കെയ്‌റോ, ദുബയ് എന്നീ നഗരങ്ങള്‍ക്ക് പുറമെയാണ് പുതിയ പ്രഖ്യാപനം. റിയാദില്‍ നിന്ന് ലോകത്തെ പ്രധാന നഗരങ്ങളിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ തന്ത്രപരമായ നീക്കം. 2030ഓടെ ലോകമെമ്പാടുമുള്ള 100ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം.

സൗദി അറേബ്യയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായാണ് റിയാദ് എയര്‍ പ്രവര്‍ത്തിക്കുന്നത്. സൗദിയെ ആഗോള വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ പ്രവര്‍ത്തനം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര യാത്രാരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Tags: