ഉല്‍സവത്തില്‍ വിപ്ലവഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം ബോര്‍ഡ്

Update: 2025-03-15 05:05 GMT

കൊല്ലം: കടയ്ക്കല്‍ തിരുവാതിര ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ ഇടത് വിപ്ലവഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം വിജിലന്‍സ് എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയത്. ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം.