പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാനഘട്ടത്തില്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21നു പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടിസ് നല്‍കിയ മുഴുവന്‍ പേരുകളുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അര്‍ഹതയുള്ള ഒരാളും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാകാതിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, നടപടികള്‍ സുതാര്യമായും സമയബന്ധിതമായും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഹിയറിങ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ജില്ലകളില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ മുന്നിലാണ്. ഇരു ജില്ലകളിലും 14 മണ്ഡലങ്ങളില്‍ വീതം ഹിയറിങ് പൂര്‍ത്തിയായിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 10 മണ്ഡലങ്ങളിലും ആലപ്പുഴയില്‍ 9 മണ്ഡലങ്ങളിലും നടപടികള്‍ സമാപിച്ചതായും അറിയിച്ചു. ഡിസംബര്‍ 23ന് ആരംഭിച്ച ഹിയറിങ് നടപടികള്‍ ഈ മാസം 14നകം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കപ്പെടുന്നതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കൃത്യമായ വോട്ടര്‍മാരുടെ കണക്ക് ലഭ്യമാകും.
