''ഫലസ്തീനി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ റോയിട്ടേഴ്‌സ് വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു'' ; ഫോട്ടോഗ്രാഫര്‍ രാജിവച്ചു

Update: 2025-08-26 14:14 GMT

കാനറി വാര്‍ഫ്(യുകെ): ഫലസ്തീനി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് വ്യാജവാര്‍ത്തകള്‍ നല്‍കുന്നതായി ചൂണ്ടിക്കാട്ടി പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാജിവച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി റോയിട്ടേഴ്‌സിന് വേണ്ടി ചിത്രങ്ങള്‍ എടുത്തിരുന്ന വലേരി സിങ്കാണ് രാജിവച്ചത്. ഗസയില്‍ 245 മാധ്യമപ്രവര്‍ത്തകരെ കൊല്ലാനുള്ള ഇസ്രായേലി പദ്ധതിക്ക് ന്യായീകരണം നല്‍കിയത് റോയിട്ടേഴ്‌സാണെന്ന് വലേരി ചൂണ്ടിക്കാട്ടി.

ഗസയില്‍ അനസ് അല്‍-ശരീഫും അല്‍ ജസീറ സംഘവും കൊല്ലപ്പെട്ടതിന് ശേഷം റോയിട്ടേഴ്സ് നടത്തിയ റിപോര്‍ട്ടിംഗിനെ അവര്‍ വിമര്‍ശിച്ചു. അല്‍ ശരീഫ് ഹമാസ് പ്രവര്‍ത്തകനാണെന്ന ഇസ്രായേലിന്റെ 'പൂര്‍ണ്ണമായും അടിസ്ഥാനരഹിതമായ അവകാശവാദം' ഏജന്‍സി പ്രചരിപ്പിച്ചു. 'റോയിട്ടേഴ്സ് പോലുള്ള മാധ്യമങ്ങള്‍ കൃത്യമായി ആവര്‍ത്തിച്ച എണ്ണമറ്റ നുണകളില്‍ ഒന്നാണിത്. കഴിഞ്ഞ എട്ട് വര്‍ഷമായി റോയിട്ടേഴ്സിന് നല്‍കിയ സേവനങ്ങളെ ഞാന്‍ വിലമതിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ ഈ പ്രസ് പാസ് ധരിക്കാന്‍ എനിക്ക് കഴിയില്ല. ഇസ്രായേലിന് പിന്തുണ നല്‍കുമ്പോഴും ഇസ്രായേലി സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് ഗസയിലെ റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാരെ ഇസ്രായേല്‍ ഒഴിവാക്കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഗസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫറായ ഹുസാം അല്‍ മസ്‌റിയും ഉള്‍പ്പെട്ടിരുന്നു.