ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ മൂന്നുകോടി നഷ്ടമായി; റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

Update: 2026-02-10 03:13 GMT

എറണാകുളം: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പിന്റെ ചതിയില്‍പ്പെട്ട് മൂന്നുകോടി രൂപ നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന്‍ നമ്പൂതിരി(65)യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 4.45നും 5.15നുമിടയില്‍ കടന്നുപോയ ട്രെയിന്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഒന്നര വര്‍ഷമായി എരൂര്‍ വെണ്ട്രപ്പിള്ളി അപ്പാര്‍ട്ട്‌മെന്റില്‍ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം.

ഒരു വര്‍ഷം മുന്‍പാണ് വ്യാജ ട്രേഡിങ്ങില്‍പ്പെട്ട് രാജന്‍ നമ്പൂതിരിക്ക് മൂന്നു കോടി രൂപയോളം നഷ്ടമായത്. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു രാജന്‍ നമ്പൂതിരിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിലൂടെയാണ് രാജന്‍ നമ്പൂതിരി കബളിപ്പിക്കപ്പെട്ടത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നല്‍കാതെ പണം കൂടുതല്‍, കൂടുതലായി ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തുക തട്ടിയെടുത്തത്. മൂന്നാഴ്ച കൊണ്ടാണ് മൂന്നുകോടി രൂപ ആപ്പ് വഴി തട്ടിപ്പുസംഘം കൈക്കലാക്കിയത്.

വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ രാജന്‍ നമ്പൂതിരി സൈബര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് സൈബര്‍ പോലിസില്‍ രാജന്‍ നമ്പൂതിരി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതായി കണ്ടെത്തി. അതില്‍ 13.5 ലക്ഷം രൂപ കോട്ടയം സൈബര്‍ പോലിസ് മരവിപ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ തുക അടുത്തയാഴ്ച തിരികെ ലഭിക്കുമെന്ന് പോലിസ് അറിയിച്ചിരുന്നു.

പണം നഷ്ടപ്പെട്ടതിനു പിന്നാലെ മനോവിഷമത്തിലായിരുന്നു രാജന്‍ നമ്പൂതിരി. പിന്നീട്, കഴിഞ്ഞ കുറച്ചു നാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്റ്റോക്ക് മാര്‍ക്കറ്റിലും ട്രേഡിങിലും തല്‍പ്പരനായിരുന്ന രാജന്‍ നമ്പൂതിരി മറ്റു പല ഓണ്‍ലൈന്‍ ട്രേഡിങ്ങുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം ചെറുതുരുത്തിയില്‍ സംസ്‌കരിച്ചു. ഭാര്യ: ഇന്ദിര(റിട്ട. ബിഎസ്എന്‍എല്‍). മക്കള്‍: സുകന്യ, സുജിത്ത്. മരുമകന്‍: ശ്രീനാഥ്.