ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദര്‍ശന്‍ പരിപാടിക്കിടെ വിമുക്ത ഭടന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബിജെപി എംഎല്‍എ നന്ദ് കിഷോറിന്റെ നിരന്തര ഭീഷണികള്‍ക്ക് ഇരയായ 65കാരനായ വിമുക്ത ഭടന്‍ സത്ബീര്‍ ഗുര്‍ജാറാണ് യോഗി ആദിത്യനാഥിന്റെ പരിപാടിയില്‍ വച്ച് വിഷം കഴിച്ചത്. ഇയാളുടെ പോക്കറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. നന്ദ് കിഷോറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നുകാട്ടിയതിന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് കുറിപ്പ് പറയുന്നത്. ഏപ്രില്‍ മാസത്തില്‍ നന്ദ് കിഷോര്‍ നടത്തിയ കലാശ് യാത്രയില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതിയുള്ള സര്‍ക്കാരാണ് യോഗിയുടേതെന്നും കുറിപ്പ് പറയുന്നു.