ഒബിസിക്ക് സംവരണം നല്‍കിയ ഗ്രാമത്തില്‍ ഒബിസിക്കാരില്ല; പ്രതിഷേധിച്ച് ഉത്തരാഖണ്ഡിലെ ഗ്രാമീണര്‍
ഡെറാഡൂണ്‍: ഒബിസി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത ഗ്രാമത്തില്‍ മല്‍സരിക്കാന്‍ ഒബിസിക്കാരില്ലെന്ന് റിപോര്‍ട്ട്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ഡാങി ഗ്രാമത്തിലാണ് മല്‍സരിക്കാന്‍ ആളില്ലാത്തത്. ഡാങി ഗ്രാമത്തില്‍ 65 വീടുകളും 261 വോട്ടര്‍മാരുമാണുള്ളത്. ഗ്രാമത്തെ സര്‍ക്കാര്‍ ഒബിസി(സ്ത്രീ) സംവരണത്തില്‍ ഉള്‍പ്പെടുത്തി. പക്ഷേ, ഗ്രാമത്തില്‍ ഒബിസി വിഭാഗത്തിലെ ആരുമില്ല. സുനാര്‍ രജ്പുത് വിഭാഗമാണ് ഗ്രാമത്തില്‍ ഭൂരിപക്ഷം. 2014 വരെ അവര്‍ ഒബിസിയായിരുന്നു. പിന്നീട് അവരെ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റി.
പ്രശ്‌നപരിഹാരത്തിനായി ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചതായി ഗ്രാമവാസിയും അധ്യാപകനുമായ ധീരജ് സിങ് ചൗഹാന്‍ പറഞ്ഞു. ഗ്രാമത്തെ സംവരണത്തില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ഭരിക്കാന്‍ ആളുണ്ടാവില്ല. അത് ഭരണഘടനാ പ്രതിസന്ധിക്ക് കാരണമാവും.