ഓപ്പണ്‍ വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള കട്ട്-ഓഫിന് മുകളില്‍ സ്‌കോര്‍ നേടിയ സംവരണ വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്ക് ഓപ്പണ്‍ കാറ്റഗറി പോസ്റ്റുകള്‍ക്ക് അര്‍ഹതയുണ്ട്: സുപ്രിംകോടതി

ജനറല്‍ കാറ്റഗറി എന്നത് സംവരണവിഭാഗമല്ല, ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കേണ്ടത് മെറിറ്റ് നോക്കിയെന്ന് സുപ്രിംകോടതി

Update: 2026-01-05 07:54 GMT

ന്യൂഡല്‍ഹി: ജനറല്‍ അല്ലെങ്കില്‍ ഓപ്പണ്‍ വിഭാഗത്തിന് നിശ്ചയിച്ചിട്ടുള്ള കട്ട്-ഓഫിനേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്ന സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ ഓപ്പണ്‍ വിഭാഗത്തില്‍ പരിഗണിക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി ശരിവച്ച് സുപ്രിംകോടതി. രാജസ്ഥാന്‍ ഹൈക്കോടതി ഭരണകൂടവും രജിസ്ട്രാറും സമര്‍പ്പിച്ച അപ്പീലുകള്‍ ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്തയും അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ച് തള്ളി.

ഹൈക്കോടതി, ജില്ലാ കോടതികള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക് ഗ്രേഡ്-കക തസ്തികകളിലെ 2,756 തസ്തികകളിലേക്ക് 2022 ഓഗസ്റ്റില്‍ രാജസ്ഥാന്‍ ഹൈക്കോടതി ആരംഭിച്ച നിയമന പ്രക്രിയയില്‍ നിന്നാണ് കേസിന്റെ തുടക്കം.

300 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും തുടര്‍ന്ന് 100 മാര്‍ക്കിന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടൈപ്പ്‌റൈറ്റിംഗ് പരീക്ഷയും ഉള്‍പ്പെട്ടതാണ് സെലക്ഷന്‍ പ്രോസസ്. 2023 മെയ് മാസത്തില്‍ എഴുത്തുപരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം, എസ്സി, ഒബിസി, എംബിസി, ഇഡബ്ല്യുഎസ് തുടങ്ങിയ നിരവധി സംവരണ വിഭാഗങ്ങളുടെ കട്ട്-ഓഫ് മാര്‍ക്ക് ജനറല്‍ വിഭാഗത്തിന്റെ കട്ട്-ഓഫിനേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി. തല്‍ഫലമായി, ജനറല്‍ വിഭാഗത്തിന്റെ കട്ട്-ഓഫിനേക്കാള്‍ കൂടുതലും സ്വന്തം വിഭാഗത്തിന്റെ കട്ട്-ഓഫിനേക്കാള്‍ കുറവും നേടിയ ചില സംവരണ വിഭാഗ ഉദ്യോഗാര്‍ത്ഥികളെ ടൈപ്പ്‌റൈറ്റിംഗ് പരീക്ഷയുടെ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags: