മുംബൈ: റിപ്പോ നിരക്ക് അര ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. നിരക്കില്‍ 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അരശതമാനം ഇളവ്. ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തില്‍ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) 0.25% വീതം പലിശ കുറച്ചിരുന്നു. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.
വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) ഒരു ശതമാനം കുറച്ചു. നിലവിലെ നാല് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായാണ് താഴ്ത്തിയത്. നാല് ഘട്ടമായാണ് ഇത് നടപ്പാക്കുകയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. സെപ്റ്റംബര്‍ ആറ്, ഒക്ടോബര്‍ നാല്, നവംബര്‍ 1, നവംബര്‍ 29 എന്നിങ്ങനെയാകും സിആര്‍ആര്‍ കുറയ്ക്കുക. ഒരോ ഘട്ടത്തിലും കാല്‍ ശതമാനംവീതം കുറയ്ക്കും.