റിപ്പബ്ലിക് ദിനാഘോഷം: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് പുസ്തകത്താളുകളില്‍ ഭക്ഷണം
മൈഹാര്‍: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായിരിക്കുന്നത് കടുത്ത അവഗണന. മൈഹാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക ഉച്ചഭക്ഷണം കുട്ടികള്‍ക്ക് വിളമ്പിയത് കീറിയ പുസ്തകത്താളുകളിലാണെന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്‌കൂളില്‍ ഭക്ഷണം വിളമ്പുന്നതിനാവശ്യമായ പാത്രങ്ങള്‍ ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുസ്തകത്താളുകളില്‍ ഭക്ഷണം നല്‍കിയതെന്ന് അധികൃതര്‍ വിശദീകരിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലഡു ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും, അവ വിളമ്പാന്‍ പാത്രങ്ങള്‍ ഒരുക്കിയിരുന്നില്ല. തറയിലിരുന്ന് പുസ്തകത്താളുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതാണെന്ന വിമര്‍ശനവും ശക്തമാണ്. ഇതിന് മുമ്പും മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍ സമാനമായി പേപ്പറില്‍ ഭക്ഷണം നല്‍കിയത് വലിയ വിവാദമായിരുന്നു. കുട്ടികളുടെ മാനവും അന്തസ്സും കണക്കിലെടുക്കാതെയുള്ള ഇത്തരം നടപടികള്‍ക്കെതിരേ ഉത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
