ന്യൂഡല്‍ഹി: ഒഡിയ സംഗീത ലോകത്തെ അതുല്യ പ്രതിഭയും പ്രശസ്ത പിന്നണി ഗായികയുമായ ഗീത പട്‌നായിക് (73 )അന്തരിച്ചു. കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.
ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് കട്ടക്കിലെ വസതിയില്‍ മൃതദേഹം എത്തിച്ചതിനുശേഷം, സതി ചൗരയിലെ ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തും.