പ്രതിഭക്കെതിരായ പരാമര്‍ശം: പ്രസംഗത്തിലെ ഒരുഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചു; ഖേദം പ്രകടിപ്പിച്ച് എ ഇര്‍ഷാദ്

Update: 2026-03-25 11:28 GMT

ആലപ്പുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരേ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് കായംകുളത്തെ യുഡിഎഫ് കണ്‍വീനര്‍ എ ഇര്‍ഷാദ്. അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലയെന്നും തന്റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കുന്ന ഒരാളും അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് പറയില്ലെന്നും ഇര്‍ഷാദ് പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ഇര്‍ഷാദ് നടത്തിയ പ്രസംഗമാണ് വിവാദത്തിന് വഴിവെച്ചത്. ഇര്‍ഷാദിന്റെ വാക്കുകള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഒരിക്കലും ബോധപൂര്‍വ്വം സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന ഒരാള്‍ അല്ല താന്‍. പരാമര്‍ശം ഏതെങ്കിലും വിധത്തില്‍ വിഷമം ഉണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'നാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും, അതൊക്കെ തന്നെ വില്‍പ്പനയ്ക്ക് വെച്ചും അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നു' എന്നായിരുന്നു ഇര്‍ഷാദിന്റെ വിവാദ പരാമര്‍ശം.