റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസര്‍കോട് ദേളി കുന്നുപാറയിലെ മുബഷീര്‍ എന്നയാളാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.
ഗള്‍ഫിലായിരുന്ന മുബഷീര്‍ രണ്ടു മാസം മുന്‍പാണ് നാട്ടിലെത്തിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനിലെത്തിയപ്പോഴാണ് 20 ദിവസം മുന്‍പ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. മുബഷീറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളൊന്നുമില്ലെന്നാണ് വിവരം. ഇയാള്‍ക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കും.