ബീജിങ്: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങളില്‍ പുതിയ ദിശയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ ചൈനാ സന്ദര്‍ശനം. ബീജിങ്ങിലെത്തിയ സ്റ്റാര്‍മറും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട സ്വകാര്യ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. നിശ്ചയിച്ച സമയത്തിന്റെ ഇരട്ടിയോളം നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്.
ലോകം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്റ്റാര്‍മര്‍ ചൂണ്ടിക്കാട്ടി. ആഗോള സ്ഥിരത, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനയുമായി കൂടുതല്‍ ആഴത്തിലുള്ള സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ചൈനീസ് നേതാവിനോട് വ്യക്തമാക്കി. യുകെയും ചൈനയും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്ഥിരതയുള്ള, സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ആവശ്യമാണ് എന്ന നിലപാട് ഏറെക്കാലമായി തനിക്ക് ഉണ്ടെന്നതായും വാര്‍ത്താ ഏജന്‍സികള്‍ സ്റ്റാര്‍മറിനെ ഉദ്ധരിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന, ബ്രിട്ടന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. പ്രതിവര്‍ഷം ഏകദേശം 45 ബില്യണ്‍ യൂറോ മൂല്യമുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും ചൈനയില്‍ നിന്ന് ബ്രിട്ടണിലേക്ക് എത്തുന്നുണ്ട്. സാമ്പത്തിക വിശ്വാസ്യതയും വ്യാപാര സാധ്യതകളും കണക്കിലെടുത്താണ് യുകെ ചൈനയുമായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, ചൈനയുടെ മുന്‍നിര പത്തു വ്യാപാര പങ്കാളികളില്‍ യുകെ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ അമേരിക്കയുമായി ചൈനയ്ക്കുള്ള ഉരസലും അറ്റ്‌ലാന്റിക് സഖ്യത്തിലെ അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചൈനീസ് നേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തുന്നതുമായാണ് സൂചന.
യുകെയുടെ ദേശീയ സുരക്ഷക്ക് ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും, ചാരപ്രവര്‍ത്തനങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ തുടരുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. യുകെയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ചൈനയുടെ നേരിട്ടുള്ള സ്വാധീനം നിയന്ത്രിച്ചുകൊണ്ട് തന്നെ, വാണിജ്യവും നയതന്ത്രവുമായ ബന്ധങ്ങള്‍ എങ്ങനെ സന്തുലിതമാക്കാം എന്നതാണ് സ്റ്റാര്‍മറിന്റെ ചര്‍ച്ചകളുടെ മുഖ്യ അജണ്ടയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
