തിരുവനന്തപുരം: കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും വൈദ്യുതി ബന്ധം വിശ്ചേദിക്കുകയുമായിരുന്നു. തൊട്ടു പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അപകടത്തില്‍ അടുക്കള പൂര്‍ണ്ണമായും കത്തി. കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്‌നി രക്ഷാസേനയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടോ ഫ്രിഡ്ജിനുള്ളിലെ വൈദ്യുത ബന്ധത്തിലുണ്ടായ തകരാറോ ആയിരിക്കാം അപകടത്തിന്റെ പ്രാഥമിക കാരണമെന്നാണ് നിഗമനം.