ബിഹാറില്‍ 2.89 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആര്‍സിസി പാലം തകര്‍ന്നുവീണു

Update: 2026-03-03 11:13 GMT

പറ്റ്‌ന: ബിഹാറില്‍ നിര്‍മാണത്തിലിരുന്ന ആര്‍സിസി പാലം കോണ്‍ക്രീറ്റിംഗിനിടെ തകര്‍ന്നുവീണു. ഗോപാല്‍ഗഞ്ച് ജില്ലയിലെ ഘോഗരി നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ സ്ലാബാണ് വലിയ ശബ്ദത്തോടെ നിലംപൊത്തിയത്. 2.89 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 29 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിന്റെയിടെയാണ് സംഭവം.

അപകടത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍മാണത്തിലെ അഴിമതിയും ഗുണനിലവാരമില്ലായ്മയുമാണ് പാലം തകര്‍ന്നതിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തിയതോടെ അധികൃതര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പന്ത്രണ്ടോളം പാലങ്ങളാണ് ബിഹാറില്‍ തകര്‍ന്നുവീണത്. ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് അല്ലെങ്കില്‍ നിര്‍മാണ ഘട്ടത്തില്‍ പാലങ്ങള്‍ തകരുന്നത് സംസ്ഥാനത്ത് പതിവാകുന്നതായി വിമര്‍ശനമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ പാലം അപകടങ്ങള്‍ക്ക് പിന്നില്‍ ഭരണകൂടവും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Tags: