ജനുവരി മുതല്‍ ബാങ്കിങ് മേഖലയില്‍ നിര്‍ണായക മാറ്റങ്ങള്‍; ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ആര്‍ബിബിഐയുടെ കര്‍ശന മാനദണ്ഡങ്ങള്‍
ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ രാജ്യത്തെ ബാങ്കിങ് മേഖലയിലുടനീളം നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ മാറിയ സാഹചര്യത്തിലാണ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗജന്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം, എല്ലാ അക്കൗണ്ട് ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ അലേര്‍ട്ടുകള്‍ നിര്‍ബന്ധമാക്കും. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബാങ്കുകള്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി നേടണം. കൂടാതെ, ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് വ്യക്തവും രേഖാമൂലമുള്ളതുമായ സമ്മതം തേടേണ്ടതുണ്ടെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ സേവനങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും ഈടാക്കുന്ന ചാര്‍ജുകള്‍, പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ലളിതവും വ്യക്തവുമായ ഭാഷയില്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടത് ബാങ്കുകളുടെ നിര്‍ബന്ധിത ഉത്തരവാദിത്തമാണെന്നും ആര്‍ബിഐ വ്യക്തമാക്കി. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളായ സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ പരിധിയില്ലാത്ത പണ നിക്ഷേപം, സൗജന്യ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍, സൗജന്യ പാസ്ബുക്ക് അല്ലെങ്കില്‍ പ്രതിമാസ സ്‌റ്റേറ്റ്‌മെന്റ് എന്നിവ ഉറപ്പാക്കണം.
പ്രതിമാസം കുറഞ്ഞത് നാലു സൗജന്യ പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്, പിഒഎസ് തുടങ്ങിയ ഡിജിറ്റല്‍ ഇടപാടുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടില്ല. എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കളെ നിര്‍ബന്ധിച്ച് സ്വീകരിപ്പിക്കരുതെന്നും ആര്‍ബിഐ വ്യക്തമാക്കി.
