ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്ക് മടക്കിനല്‍കണം; കര്‍ശന നിര്‍ദേശവുമായി ആര്‍ബിഐ

Update: 2025-09-25 05:27 GMT

മുംബൈ: ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്കും അവകാശികള്‍ക്കും മടക്കിനല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അടുത്ത മൂന്നുമാസത്തിനുള്ളില്‍ പരമാവധി ആളുകളിലേക്ക് തുക മടക്കിനല്‍കണമെന്നാണ് നിര്‍ദേശം.

പത്തുവര്‍ഷമായി ഉപയോഗിക്കാത്ത സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ തുകയും കാലാവധി കഴിഞ്ഞിട്ടും പത്തുവര്‍ഷമായി പിന്‍വലിക്കാത്ത സ്ഥിരനിക്ഷേപങ്ങളും 'അവകാശികളില്ലാത്ത നിക്ഷേപം' എന്ന നിലയ്ക്കാണ് കണക്കാക്കുന്നത്. സാധാരണയായി ഈ തുക ആര്‍ബിഐയുടെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്കാണ് ബാങ്കുകള്‍ മാറ്റുന്നത്. എങ്കിലും, ഉടമകളോ അവകാശികളോ എത്തിയാല്‍ പലിശസഹിതം മടക്കിനല്‍കും.

സാമ്പത്തിക സുസ്ഥിരതവികസന കൗണ്‍സില്‍ യോഗത്തെ തുടര്‍ന്നാണ് ആര്‍ബിഐ ബാങ്കുകളോട് പുതിയ നിര്‍ദേശം നല്‍കിയത്. ജില്ലാ അടിസ്ഥാനത്തില്‍ സംയുക്ത ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആളുകളിലെത്തണമെന്നാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ ആദ്യം ഗുജറാത്തില്‍ ആദ്യ ക്യാമ്പ് നടക്കും. ഡിസംബര്‍ വരെ പലയിടത്തായി വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലള്ള ക്യാമ്പുകള്‍ നടത്തും.

സംസ്ഥാനതല ബാങ്കേസ് സമിതിക്കാണ് പ്രാഥമിക ചുമതല. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കി ക്യാമ്പുകള്‍ നടത്തും. ജൂലൈ മാസത്തില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, രാജ്യത്തെ ബാങ്കുകളില്‍ 67,003 കോടി രൂപയാണ് ഇപ്പോള്‍ അവകാശികളില്ലാതെ കിടക്കുന്നത്. സ്വകാര്യ ബാങ്കുകളിലേയും പൊതു മേഖലാ ബാങ്കുകളിലേയും തുകയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പല അക്കൗണ്ടുകള്‍ ഉള്ളവര്‍ ചിലത് തുടര്‍ന്ന് ഉപയോഗിക്കാതെ കിടക്കുന്നതും മറന്നുപോകുന്നതുമാണ് ഇത്തരം നിക്ഷേപങ്ങള്‍ കൂട്ടിയിടാന്‍ കാരണമെന്ന് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനായി ആര്‍ബിഐ തയ്യാറാക്കിയ 'ഉദ്ഗം പോര്‍ട്ടല്‍' വഴി അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സൗകര്യമുണ്ട്. 2024 മാര്‍ച്ചോടെ 30 ബാങ്കുകള്‍ ഇതിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Tags: