'ഭക്ഷണത്തിന് റേറ്റിങ് നല്‍കിയാല്‍ മതി'; ജോലി തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-05-13 00:51 GMT

കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് വീട്ടമ്മയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി അമ്പു നഗര്‍ വെങ്കടേഷി(34)നെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വെങ്കടേഷിന്റെ അക്കൗണ്ടില്‍ വീട്ടമ്മ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.

ഓണ്‍ലൈന്‍ സൈറ്റിലൂടെ ജോലിചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനം കണ്ട് എടത്തല സ്വദേശിയായ വീട്ടമ്മ തട്ടിപ്പ് സംഘം നല്‍കിയ ഒരു സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്തു. വ്യത്യസ്തങ്ങളായ ഭക്ഷണത്തിന് റേറ്റിങ് നല്‍കുകയായിരുന്നു അവര്‍ നല്‍കിയ ജോലി. വിശ്വാസം പിടിച്ചുപറ്റാന്‍ തട്ടിപ്പ് സംഘം കുറച്ച് തുക പ്രതിഫലമെന്ന പേരില്‍ വീട്ടമ്മയ്ക്ക് നല്‍കി. കൂടുതല്‍ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക നിക്ഷേപിപ്പിക്കുകയായിരുന്നു.