കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന (40) എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് റസീനയുടെ ഉമ്മ. സംഭവത്തില്‍ സദാചാര പോലിസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും പോലിസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.
സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. നാല്‍പതോളം പവന്‍ സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ സ്വര്‍ണമൊന്നുമില്ല. കൂടാതെ പലരില്‍ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവന്‍ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭര്‍ത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭര്‍ത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനെതിരെ പൊലിസില്‍ പരാതി നല്‍കുമെന്നും ഫാത്തിമ പറഞ്ഞു.