റാപ്പര്‍ വേടനെതിരയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി

Update: 2025-05-06 12:24 GMT

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെയുള്ള പുലിപ്പല്ല് കേസില്‍ വനംവകുപ്പിലെ റേഞ്ച് ഓഫിസറെ സ്ഥലം മാറ്റി. കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. വേടന് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ അന്വേഷണ രീതി അല്ലെന്ന് ചൂണ്ടിക്കാട്ടി വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. അധീഷിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.