അരയ്ക്ക് താഴെ തളര്‍ന്നുകിടന്ന യുവതിയെ ബലാല്‍സംഗം ചെയ്ത കേസ്: പ്രതിക്ക് കഠിനതടവും പിഴയും

Update: 2025-12-30 05:20 GMT

മുട്ടം: തിരുമ്മുചികില്‍സയിലൂടെ സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് അരയ്ക്ക് താഴെ തളര്‍ന്നുകിടന്ന യുവതിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. കോതമംഗലം കവളങ്ങാട് സ്വദേശി ഷിബു ആന്റണിയെയാണ് (42) പത്ത് വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

നീണ്ടകാലം ഒളിവില്‍ കഴിഞ്ഞ പ്രതിയെ 2014 ഫെബ്രുവരിയില്‍ സ്വന്തം അമ്മയെ കാണാന്‍ എത്തിയപ്പോഴാണ് പോലിസ് പിടികൂടുന്നത്. അതിജീവിതയുടെയും സംഭവത്തിന് സാക്ഷിയായ സാമൂഹ്യപ്രവര്‍ത്തകയായ അങ്കണവാടി ജീവനക്കാരിയുടെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്.

2013-ല്‍ ശാന്തമ്പാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയുടെ പേരില്‍ നിര്‍ധന കുടുംബവുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് അതിജീവിതയെ ക്രൂരമായി പീഡിപ്പിച്ചത്. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ഇയാള്‍, യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പണവുമായി മുങ്ങുകയായിരുന്നു.

Tags: