ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി
തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി. ജാമ്യം അനുവദിക്കുന്ന പക്ഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
അടച്ചിട്ട കോടതി മുറിയില്‍ ഒന്നരമണിക്കൂറാണ് വാദം നടന്നത്. രാഹുല്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ചാറ്റുകളുമെല്ലാം കോടതിയില്‍ ഹാജരാക്കി. പരാതിക്കാരിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും പക്ഷേ യുവതി പറയുന്നതുപോലെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നായിരുന്നു രാഹുലിന്റെ ഹരജിയിലെ പ്രധാന വാദം. അന്വേഷണമായി സഹകരിക്കുമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധമെന്നും കേസിന് പിന്നില്‍ ബിജെപി - സിപിഎം ഗൂഢാലോചനയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചു.