ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹരജി കോടതി ഇന്ന് പരിഗണിക്കും

Update: 2026-01-20 02:57 GMT

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. പോലിസ് റിപോര്‍ട്ട് വന്നശേഷമായിരിക്കും വിശദമായ വാദം. അതേസമയം രണ്ടാം ബലാത്സംഗ കേസില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്.

അതേസമയം, രാഹുലിനെതിരേ കൂടുതല്‍ തെളിവകള്‍ ജില്ലാ കോടതിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി. ബലാത്സംഗകുറ്റം പ്രഥമദൃഷ്ട്യ നിലനില്‍ക്കുമെന്ന് വിലയിരുത്തിയും അറസ്റ്റ് ചട്ടവിരുദ്ധമെന്നത് അടക്കം പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയുമാണ് കഴിഞ്ഞ ദിവസം തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം തള്ളിയിരുന്നത്. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷന്‍സ് കോടതി നിലപാട് വസ്തുതാ വിരുദ്ധമാണ്. അന്വേഷണത്തിനിടെ എസ്ഐടിക്ക് ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്റെ അഭിഭാഷകര്‍ ജാമ്യഹരജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്. എന്നാല്‍, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്ന് വിലയിരുത്തുകയായിരുന്നു. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്തി, അതില്‍ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍, ഡിജിറ്റല്‍ തെളിവുകള്‍ അംഗീകരിക്കുന്ന കാലത്ത് എസ്‌ഐടിയുടെ നടപടിക്രമങ്ങള്‍ കോടതി ശരിവെച്ചു. ഇതോടൊപ്പം വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതിക്കാരി നല്‍കിയ മൊഴി അവര്‍ ഡിജിറ്റല്‍ ഒപ്പിട്ട് തിരികെ നല്‍കിയതാണെന്നും എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങളെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതില്‍ സെഷന്‍സ് കോടതി പരാജയപ്പെട്ടു. പരാതി നല്‍കാന്‍ വൈകിയത് മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. മനസര്‍പ്പിക്കാതെയാണ് സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതി നല്‍കാന്‍ വൈകുന്നതില്‍ സുപ്രിംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഹരജിയിലുണ്ട്.