ബലാല്‍സംഗ ശ്രമം; അക്രമിയെ വെട്ടിക്കൊന്ന് 18 കാരി

കൊലക്കുറ്റം ചുമത്തി

Update: 2026-01-02 16:51 GMT

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. ബന്ദയിലാണ് സംഭവമുണ്ടായത്. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.

ജനുവരി ഒന്നിന് മദ്യപിച്ചെത്തിയ അയല്‍വാസിയായ 45 കാരന്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ സ്വയരക്ഷയ്ക്കു വേണ്ടി കയ്യില്‍ കിട്ടിയ കോടാലി ഉപയോഗിച്ച് പെണ്‍കുട്ടി അക്രമിയെ പ്രതിരോധിക്കുകയായിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടി അടുത്തുള്ള പോലിസ് ഔട്ട്പോസ്റ്റിലെത്തി കീഴടങ്ങുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്റെ മാതാവിനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ പെണ്‍കുട്ടിയുടെ മാതാവിനെ കാണാന്‍ ഇടയ്ക്കിടെ വീട്ടിലെത്താറുണ്ടെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ മാതാവ് ജോലിക്ക് പോയപ്പോഴായിരുന്നു ബലാല്‍സംഗ ശ്രമമുണ്ടായത്. മരിച്ചയാളുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വയരക്ഷയ്ക്കായാണ് പെണ്‍കുട്ടി ഇത് ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പോലിസ് അറിയിച്ചു.