സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഹൈക്കോടതി റദ്ദാക്കി; ഇതോടെ രണ്ടു കേസുകളിലും രഞ്ജിത്ത് കുറ്റവിമുക്തനായി
കൊച്ചി: ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 2009ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. പരമാവധി രണ്ടുവര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളില്‍ സംഭവം നടന്ന് മൂന്നുവര്‍ഷത്തിനകം പരാതി നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന് പിന്നാലെയാണ് രഞ്ജിത്തിനെതിരേ നടി ആരോപണം ഉന്നയിച്ചതും പരാതി കൊടുത്തതും. കൊച്ചിയിലെ ഫ്ളാറ്റിലേക്ക് സിനിമാ ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം അനുവാദമില്ലാതെ സ്പര്‍ശിച്ചുവെന്നായിരുന്നു കേസ്. പാലേരി മാണിക്യം എന്ന ചിത്രത്തിന്റെ ഓഡിഷനായാണ് നടിയെ വിളിച്ചുവരുത്തിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ര
രഞ്ജിത്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് ഒരു യുവാവ് നല്‍കിയ കേസ് നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ഹോട്ടല്‍ സംഭവ സമയത്ത് നിര്‍മിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.