പോര്‍ക്ക് മന്തിയുമായി റംസാന്‍ ആശംസ പോസ്റ്റര്‍; സ്വമേധയാ കേസെടുത്ത് പോലിസ്

Update: 2026-04-18 13:27 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ പോര്‍ക്ക് മന്തിയുമായി റംസാന്‍ ആശംസ പോസ്റ്റര്‍ പ്രചരിപ്പിച്ചതില്‍ സ്വമേധയ കേസെടുത്ത് ചേര്‍ത്തല പോലിസ്. ചേര്‍ത്തല സ്വദേശി രതീഷ് പണിക്കര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. വിഷുവിന് പോസ്റ്റര്‍ പങ്കുവച്ച മെഹര്‍ മന്തി റെസ്റ്റോറന്റിനെ അധിക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റര്‍ പങ്കുവച്ചത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പോലിസ് കേസെടുത്തത്.

പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മെഹര്‍ മന്തി റസ്റ്റോറന്റിന്റെ പോസ്റ്റര്‍ എന്ന രീതിയിലാണ് പോര്‍ക്ക് മന്തിയുടെ ചിത്രം പ്രചരിപ്പിച്ചത്. തൊപ്പിയിട്ടയാളുടെ മുന്നില്‍ മന്തിയില്‍ ഒരു പന്നിയിരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. മെഹര്‍ മന്തിയുടെ റംസാന്‍ ആശംസ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ചേര്‍ത്തലയില്‍ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ഹോട്ടല്‍ ഉടമ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ശ്രീകൃഷ്ണന് മുന്നില്‍ ചിക്കന്‍ മന്തി വെച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നു.

പോസ്റ്റര്‍ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റര്‍ തയ്യാറാക്കിയിരുന്നതായും ഉടമ പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു.