രാം നാരായണന്റെ കൊലപാതകം: സര്‍ക്കാര്‍ തീരുമാനം സമര വിജയമെന്ന് ആക്ഷന്‍ കൗണ്‍സില്‍
പാലക്കാട്: രാം നാരായണ്‍ ഭാഗേലിനെ ബാംഗ്ലാദേശിയെന്ന് വിളിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികള്‍ക്ക് മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ല കലക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ അലംഭാവം മൂലമാണെന്നും ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ടും രാം നാരായണന്റെ സഹോദരന്‍ ശശികാന്ത് ആക്ഷന്‍ കൗണ്‍സിലിന്റെ പിന്തുണയോടെ ഇന്ന് രാവിലെ മുതല്‍ കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് കലക്ടര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ ചര്‍ച്ചക്ക് വിളിച്ചത്.
രാം നാരായണന് വേണ്ടി ശബ്ദിക്കാനും പ്രതികള്‍ക്കെതിരെ വാദിക്കാനും മണ്ണാര്‍ക്കാട് കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ല എന്നതുതന്നെ സര്‍ക്കാറിന്റെ അലംഭാവം എത്രത്തോളമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് അവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊണ്ട് പൂര്‍ണ്ണ നീതി നടപ്പിലാകും വരെ സമര രംഗത്തുണ്ടാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ ശിവരാമന്‍, കണ്‍വീനര്‍ അഡ്വ. കെ എസ് നിസാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എം സുലൈമാന്‍, ആക്ഷന്‍ കൗണ്‍സില്‍ അംഗം വിളയോടി ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ അബ്ദുല്‍ ജബ്ബാര്‍, ഗഫൂര്‍ വാടാനപ്പള്ളി, സജീവന്‍ കള്ളിച്ചിത്ര, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സാബിര്‍ പുലാപ്പറ്റ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
