ആർഎസ്എസ് അജണ്ട അങ്കണവാടികളിൽ വേണ്ട: ശിശു വികസന ഓഫീസറെ ഉടൻ പുറത്താക്കണം - എം എം താഹിർ

Update: 2025-08-16 14:49 GMT

തിരുവനന്തപുരം: അങ്കണവാടികളിൽ കുട്ടികൾ രാഖി കെട്ടണമെന്ന ആർഎസ്എസ് അജണ്ട നടപ്പാക്കണമെന്ന ശിശു വികസന ഓഫീസറുടെ നിർദ്ദേശം പ്രതിഷേധാർഹമാണെന്നും ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിർ. കുട്ടികളെ ആർഎസ്എസ് ആഭിമുഖ്യമുള്ളവരാക്കി മാറ്റുന്നതിനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിൽ. ആർഎസ്എസ് അജണ്ടകൾ പദവികൾ ദുരുപയോഗം ചെയ്തു ഒളിച്ചു കടത്താനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെ കരുതിയിരിക്കണം. സംസ്ഥാനത്ത് ഫാഷിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തന്നെ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. മതനിരപേക്ഷത അവകാശപ്പെടുന്ന ഇടതു സർക്കാർ ഭരിക്കുമ്പോൾ സർവ്വ മേഖലയിലും ആർഎസ്എസ് വൽക്കരണം തകൃതിയിൽ നടക്കുകയാണ്. വംശീയ വിദ്വേഷ അജണ്ടകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സംസ്ഥാന സർക്കാരിന് ആർജ്ജവമില്ല. ശിശു വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വീണാ ജോർജ് ഈ വിഷയത്തിൽ ഉടൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.