രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകനും പുറത്തേക്ക്; മകളെ കാണാന്‍ യുകെയില്‍ പോകാന്‍ അപേക്ഷ നല്‍കും

Update: 2024-03-12 11:42 GMT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളും ശ്രീലങ്കന്‍ പൗരന്മാരുമായ മുരുകന്‍, റോബര്‍ട് പയസ്, ജയകുമാര്‍ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കാംപില്‍ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകള്‍ക്കുള്ള അപേക്ഷ നല്‍കാനായി നാളെ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷനില്‍ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

യുകെയിലുള്ള മകള്‍ക്കൊപ്പം താമസിക്കാനായി രാജ്യം വിടാന്‍ അനുവദിക്കണമെന്ന മുരുകന്റെ ഹര്‍ജിയിലാണ് കളക്ടര്‍ നിലപാട് അറിയിച്ചത്. ശ്രീലങ്ക പാസ്‌പോര്‍ട്ടും യാത്രരേഖകളും അനുവദിച്ചാല്‍ ഇവര്‍ക്ക് ഇന്ത്യ വിടാനാകും. എന്നാല്‍ ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാര്‍, ശ്രീലങ്കയിലേക്ക് മടങ്ങുന്നില്ലെന്ന നിലപാടിലാണ്. 2022 നവംബരില്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതരായെങ്കിലും, യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു. ലങ്കയിലേക്ക് പോകാന്‍ അനുമതി കിട്ടിയതിന് പിന്നാലെ, ശാന്തന്‍ മരിച്ചതോടെ മറ്റുള്ളവരുടെ മോചനത്തിനായുള്ള ആവശ്യം ശക്തമായിരുന്നു. 1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News